Monday, 23 November 2015

സംസ്കാരം

കൂടിയാട്ടം

ഭാരതീയക്ലാസ്സിക്കല്‍ കലകളില്‍ ആസ്വാദകന്റെ ഭാഗത്തുനിന്നു്‌ ഏറ്റവുമധികം പ്രയത്നം ആവശ്യപ്പെടുന്ന കല ഒരു പക്ഷെ കൂടിയാട്ടമായിരിക്കും. കൂടിയാട്ടം അവതരിപ്പിക്കുന്ന ചാക്യാര്‍ക്കുള്ള അറിവില്‍ നിന്നും ഒട്ടും കുറയാത്ത അറിവു്‌ കൈമുതലായുള്ള പ്രേക്ഷകനേ ഇതിനെ അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും ആസ്വദിക്കാനാവൂ. അതുകൊണ്ട് ശുഷ്കമായ സദസ്സിനെച്ചൊല്ലി വ്യാകുലപ്പെട്ടിട്ടു്‌ കാര്യമില്ല. ക്ലാസ്സിക്കല്‍ കലകളുടെ അവതരണശൈലികളോടും പാരമ്പര്യനിഷ്ഠകളോടും പ്രതിപത്തിയുള്ള കാണികളെപ്പോലും മുഷിപ്പിക്കാനും അകറ്റിനിറുത്താനും പര്യാപ്തമായ ഘടകങ്ങള്‍ കൂടിയാട്ടത്തില്‍ സന്നിവേശിപ്പിപ്പെട്ടിരിക്കുന്നു എന്നു സമ്മതിക്കാതെ വയ്യ. ഏതദ്ഘടകങ്ങളെ സാമാന്യമായി ഒന്നു സമീക്ഷിക്കാനാണു്‌ ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നതു്‌.
സംസ്കൃതപരിചയം:
ഒന്നാമതായി വേണ്ടതു്‌ സംസ്കൃതഭാഷാപരിചയം. വിദൂഷകന്‍ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും രംഗത്തു്‌ ഉപയോഗിക്കുന്നതു്‌ സംസ്കൃതമാണു്‌. (നീചകഥാപാത്രങ്ങള്‍ പറയുന്നതു്‌ പ്രാകൃതമാണു്‌, അതു്‌ സംസ്കൃതത്തോളം പോലും ഗ്രാഹ്യമല്ലല്ലോ.) ഭാസന്റെ പ്രതിമാനാടകം, വിച്ഛിന്നാഭിഷേകം, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമാണി എന്നീ മൂന്നു്‌ നാടകങ്ങള്‍ രാമായണകഥയെ ഉപജീവിക്കുന്നവയാണു്‌. ഇവ മൂന്നും ചേര്‍ന്നാല്‍ ഉത്തരകാണ്ഡം ഒഴിച്ചുള്ള രാമായണകഥ മുഴുവനുമായി. ദിവസേന അവതരിപ്പിക്കുകയാണെങ്കില്‍ ഒരു കൊല്ലം എടുക്കും ഇവ അഭിനയിച്ചു തീരാന്‍ ! കൂടിയാട്ടത്തില്‍ കഥയുടെ പുരോഗതി എത്ര 'വേഗ'ത്തിലാണെന്നു്‌ സൂചിപ്പിക്കാനാണു്‌ ഇതിവിടെ പ്രസ്താവിച്ചതു്‌. ഒരു രാത്രികൊണ്ടു്‌ സമ്പൂര്‍ണ്ണരാമായണം കഥകളി പതിവുണ്ടെന്നതു്‌ ഓര്‍ക്കുക. അതിരിക്കട്ടെ. ഭാഷ സംസ്കൃതമാണെങ്കിലും പുരാണകഥാപരിചയം ഉണ്ടെങ്കില്‍ ആട്ടം മനസ്സിലാക്കാമല്ലോ എന്നാണെങ്കില്‍ ആ സമാധാനത്തിനും വകയില്ല. പലപ്പോഴും ഒരു ശ്ലോകം മുഴുവന്‍ ആടിക്കഴിഞ്ഞ ശേഷമാണു്‌ നങ്ങ്യാര്‍ അതു്‌ ചൊല്ലുക. ഈ ശ്ലോകങ്ങളാകട്ടെ സംസ്കൃതകാവ്യങ്ങളില്‍ നിന്നു്‌ എടുത്തവയാവും. എന്നുവെച്ചാല്‍ നല്ല കാവ്യവ്യുല്‍പത്തിയും കാവ്യപരിചയവും, അതോടൊപ്പം മുദ്രകളുടെ ശരിയായ ജ്ഞാനവും ചേര്‍ന്നാലേ ആട്ടം നേരാംവണ്ണം മനസ്സിലാവുകയുള്ളൂ. ശ്ലോകം ആദ്യം ചൊല്ലി അഭിനയിക്കുന്നതു്‌ കാണികള്‍ക്കു്‌ സഹായകരമാകുമെങ്കിലും നിര്‍വ്വഹണത്തില്‍ ഇങ്ങനെ ചെയ്യാതിരിക്കുന്നതിനു്‌ ഒരു കാരണമുണ്ടു്‌. ക്രമദീപികയിലുള്ള എല്ലാ പദ്യങ്ങളും ചാക്യാര്‍ ഉപയോഗിച്ചുവെന്നുവരില്ല. ഏതാണു്‌ എടുക്കുക ഏതാണു്‌ ഒഴിവാക്കുക എന്നു്‌ നങ്ങ്യാര്‍ക്കു്‌ മുന്‍കൂട്ടി അറിയുകയുമില്ല. അതിനാലാണു്‌ അഭിനയത്തിന്റെ അവസാനത്തില്‍ നങ്ങ്യാര്‍ അതു്‌ ചൊല്ലുന്നതു്‌. നിര്‍വ്വഹണത്തില്‍ ചാക്യാര്‍ സ്വയം ശ്ലോകം ചൊല്ലില്ല, മുദ്രകള്‍ മാത്രമേയുള്ളൂ. ഉദാഹരണത്തിനു്‌, നിര്‍വ്വഹണത്തില്‍ രാവണന്റെ പരാക്രമം വര്‍ണ്ണിക്കുകയാണെന്നു വെക്കുക. ബ്രഹ്മാവിനെ തപം ചെയ്തു്‌ വരം നേടിയതും, ദേവേന്ദ്രനെ ജയിച്ചു്‌ കല്‍പതരു കൊണ്ടുവന്നതും ഒക്കെ വിശദമായി ആടും. രാമായണത്തിലെ ശ്ലോകങ്ങള്‍ തന്നെ ഇതിനു്‌ ഉപയോഗിച്ചെന്നും വരും. എന്നാല്‍ കൈലാസോദ്ധാരണം ചെയ്തതും ശിവന്റെ കയ്യില്‍ നിന്നു്‌ ചന്ദ്രഹാസം നേടിയതും വിസ്തരിക്കുമ്പോള്‍ ഒരടികൂടി പിന്നോട്ടുപോയി, ഈ പരമശിവന്‍ എങ്ങനെയുള്ള പുള്ളിയാണു്‌ എന്നു്‌ കാണിക്കുവാനായി കാമദഹനംകഥ വര്‍ണ്ണിക്കാം. ഇതിനു്‌ കുമാരസംഭവത്തിലെ ശ്ലോകങ്ങള്‍ ഉപയോഗിക്കുന്നതു്‌ കണ്ടിട്ടുണ്ടു്‌.
ക്രോധം പ്രഭോ സംഹര സംഹരേതി
യാവത്‌ ഗിരം ഖേ മരുതാം ചരന്തീ
താവത്‌ സ:വഹ്നി: ശിവനേത്രജന്മാ
ഭസ്മാവശേഷം മദനം ചകാര."
മുദ്ര അറിയില്ലെങ്കില്‍ രക്ഷയില്ല. കുമാരസംഭവത്തിലെ പദ്യങ്ങള്‍ ഹൃദിസ്ഥമായ ആള്‍ക്കുകൂടി നങ്ങ്യാര്‍ അതു്‌ ചൊല്ലിക്കേള്‍ക്കുമ്പോഴാണു്‌, ഓ, ഇതാണോ ഇത്രനേരം ആടിയതു്‌ എന്നു്‌ പിടികിട്ടുകയുള്ളൂ.
നാടകങ്ങള്‍:
രാമായണകഥയെ ഉപജീവിക്കുന്ന മൂന്നു്‌ സംസ്കൃതനാടകങ്ങള്‍ - ഭാസകൃതമായ പ്രതിമാനാടകം, അഭിഷേകനാടകം എന്നിവയും ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയും - ഇവ കൂടാതെ അരങ്ങില്‍ വരാറുള്ള രണ്ടു്‌ നാടകങ്ങള്‍ കുലശേഖരവര്‍മ്മന്റെ സുഭദ്രാധനഞ്ജയവും തപതീസംവരണവും. പല്ലവരാജാവായിരുന്ന മഹേന്ദ്രവര്‍മ്മന്റെ മത്തവിലാസപ്രഹസനം, ശ്രീഹര്‍ഷന്റെ നാഗാനന്ദം, ഭാസന്റേതെന്നു വിശ്വസിക്കപ്പെടുന്ന സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം എന്നിവയും ചാക്യാന്മാര്‍ക്കു്‌ പ്രിയപ്പെട്ട നാടകങ്ങളാണു്‌. പ്രതിജ്ഞായൗഗന്ധരായണത്തിലെ മന്ത്രാങ്കം എന്ന മൂന്നാമങ്കം നാല്‍പത്തിയൊന്നു്‌ രാത്രികൊണ്ടു്‌ അഭിനയിച്ചിരുന്നതായി കേട്ടിട്ടുണ്ടു്‌. (ഭാസന്റെ മറ്റു നാടകങ്ങളായ ബാലചരിതം, പഞ്ചരാത്രം, ദൂതഘടോല്‍ക്കചം, മദ്ധ്യമവ്യായോഗം, ഊരുഭംഗം എന്നിവയും ഒരു കാലത്തു്‌ അഭിനയിച്ചിരുന്നിരിക്കാം. ബാലചരിതത്തിലെ സൂത്രധാരന്‍ പലപ്പോഴും അരങ്ങേറ്റത്തിനു്‌ കെട്ടാറുള്ള വേഷമാണു്‌. അമ്മന്നൂര്‍ മാധവചാക്യാരുടെ അരങ്ങേറ്റവും ഈ വേഷത്തോടെയായിരുന്നു.) കാളിദാസന്റെ അഭിജ്ഞാനശാകുന്തളം, നീലകണ്ഠന്റെ കല്യാണസൗഗന്ധികം, ബോധായനന്റെ ഭഗവദജ്ജുകീയം എന്നിവയും ചിട്ടപ്പെടുത്തി അരങ്ങത്തു്‌ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ടു്‌.
ചാക്യാര്‍കൂത്തിലെ ചാക്യാര്‍ കഥപറയുന്ന സൂതനാണു്‌. ഇതേ വേഷവിധാനത്തോടെയും ചേഷ്ടകളോടെയുമാണു്‌ നാടകങ്ങളിലെ വിദൂഷകന്‍ രംഗത്തു വരുന്നതു്‌. കഥാനായകനായ രാജാവിന്റെ ഇഷ്ടതോഴനായ ബ്രാഹ്മണനായിട്ടാണു്‌ വിദൂഷകന്റെ സ്ഥാനം. ശുദ്ധഗതിക്കാരനും ഫലിതപ്രിയനും ആഹാരവിഷയത്തില്‍ അമിതാസക്തിയുള്ളവനുമായിട്ടാണു്‌ വിദൂഷകനെ ചിട്ടപ്പെടുത്തിയിട്ടുള്ളതു്‌.

No comments:

Post a Comment